Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

നാടകം

നാടകാന്തം ജീവിതം-രംഗം-4

posted Dec 3, 2012, 12:46 AM by saarthakam blr


വി.എൻ.പ്രതാപൻ
(കർട്ടനുയർന്ന്‌ രംഗം തെളിഞ്ഞുവരുമ്പോൾ മൈക്കിനു മുന്നിൽ കസാരയിൽ ഒരാൾ തളർന്നിരിക്കുന്നു. രണ്ടാം  രംഗത്തിന്റെ അന്തരീക്ഷം -കസേരകൾ)

ആൾ-ഞാൻ നാടക ഉടമ. അഥവാ നാടകം മുതലാളി . കലാകാരനാവണമെന്നാഗ്രഹിച്ചു.ആയില്ല. കലയോട്‌ സ്നേഹമുള്ളതിനാൽ കാശ് മുടക്കി ഒരു നാടകം സംഘടിപ്പിക്കാമെന്നു കരുതി. കഥാകൃത്തിനോട്‌ കടം പറഞ്ഞു, സംവിധായകനോട്‌ കടം പറഞ്ഞു,നടീനടന്മാരോട്‌ കടം പറഞ്ഞു. സെറ്റൊന്നു സംഘടിപ്പിച്ചെടുക്കാൻ കടം  വാങ്ങി കാശ് മുടക്കി. എല്ലാം വെള്ളത്തിൽ.നാടകം കാലത്തിനെ അതിജീവിക്കുമെന്ന്‌ നിരൂപകൻ.തല്ക്കാലം വേണ്ടെന്നു കാണികൾ.നേരം പോക്കിനു വരുന്നവർക്ക് പുതിയ അവബോധം എന്ന തലവേദനയോ ഹൃദയമിടിപ്പോ ഒന്നും വേണ്ടത്രെ.നമ്പ്യാരേയോ,സഞ്ജ യനേയോ,ഈ.വി.യേയോ,വി.കെ.എന്നിനേയോ അറിയാത്ത ചിരിക്കൂട്ടങ്ങൾ.സംഗീതം പോലെ നൈമിഷികമായ ആസ്വാദനമേ അവർക്കു വേണ്ടു. അതിന്നപ്പുറത്ത്‌ അനുഭൂതിയിലേക്ക് അലിഞ്ഞുചേരുന്ന കാലമൊക്കെ കഴിഞ്ഞെന്ന തിരിച്ചറിവിലേക്കെത്തുമ്പോഴേക്കും കാശ് കുറെ തുലച്ചു .ലാഭിക്കാൻ വേണ്ടിയല്ല ജീവിക്കാൻ വേണ്ടിയാണ്‌ ഇതിന്‌ തുനിഞ്ഞത്‌.കുറേപ്പേരെ സ്നേഹിക്കാനും അക്ഷരങ്ങളോടുള്ള സ്നേഹം മൂലം ഈവനിങ്ങർ തുടങ്ങി. പൊട്ടി...വാരിക തുടങ്ങി..പൊട്ടി...ഇനി ഞാനെന്തു  ചെയ്യണം?
                                (ഈ സമയത്ത്` സംവിധായകൻ കടന്നുവരുന്നു)

സംവി-(അല്‍ഭുതത്തോടെ)
അപ്പോള്‍  കിട്ടിയില്ലേ?

നാ-മു-എന്ത്‌?

സംവി- കയർ

മു-വേണ്ടെടോ,നമുക്കു ജീവിക്കാം.

സം-എങ്ങിനെ?
(ഈ സമയത്ത്‌ കഥാകൃത്ത്‌ കടന്നുവരുന്നു)

കഥാ-(അല്‍ഭുതത്തോടെ)അപ്പോള്‍  കിട്ടിയില്ലേ?

മു-എന്ത്‌?
കഥാ-കയർ

മു- വേണ്ടെടോ നമുക്കു ജീവിക്കാം

കഥാ-എങ്ങിനെ?
(ഈ സമയത്ത്‌ നായകൻ കടന്നുവരുന്നു)

നായകൻ-(അല്‍ഭുതത്തോടെ)അപ്പോള്‍  കിട്ടിയില്ലേ?
മു-എന്ത് ?

നായകൻ- കയർ

മു-വേണ്ടെടോ നമുക്കു ജീവിക്കാം.

നായകൻ-എങ്ങിനെ?

മു-എനിക്കറിഞ്ഞുകൂടാ.നാണം കെട്ട ഒരു ജന്മമാണെടോ എന്റേത്‌.കടം വാങ്ങി കടം വാങ്ങി കടത്തിന്മേൽ കടമായി മുടിഞ്ഞു. ഞാൻ കയറിൽ തൂങ്ങിയാൽ നാടു മുഴുവൻ കരയുമെന്നൊന്നും ഞാൻ കരുതുന്നില്ല. ദുഃഖം അല്പ്പനേരത്തേക്ക് അല്പ്പം ചിലർക്കു മാത്രം. പിന്നെ എല്ലാം സാധാരണം. നമ്മുടെ ദുഃഖമൊക്കെ സന്ധ്യ മുതൽ രാത്രി ഭക്ഷണം വരെ യുള്ള സീരിയലുകൾ ആവാഹിച്ചെടുത്തിരിക്കുന്നു. പിന്നെ എല്ലാം മരവിപ്പ്‌. അസ്വസ്ഥത-അസംതൃപ്തി..ഓരോരുത്തരും അനാഥരായി അലയുന്ന ഒരു ലോകം. ദൈവത്തിന്‌ മുന്നിൽ യാന്ത്രികമായി കൈക്കൂപ്പുമ്പോഴും ഒരു വക വിശ്വാസമില്ലായ്മ. ആത്മവിശ്വാസം എവിടേയോ പോയ് മറയുന്നു. അടുത്ത ദിവസം ശ്മശാനകോളത്തിൽ ഒരു ചെറിയ ചിത്രവും വാർത്തയും.കാരണം സാമ്പത്തികം.അതോടെ കഴിഞ്ഞു എല്ലാം കഴിഞ്ഞു.

സം-നമ്മളൊന്നും ഒന്നുമല്ല. ആരും അല്ല. ചിലപ്പോള്‍  തോന്നും എല്ലാം വലിച്ചെറിഞ്ഞ്‌ വല്ല ആശ്രമത്തിലോ മറ്റോ പോയാലെന്ന്‌.എല്ലാ പോരായ്മകളും ഏറ്റു വാങ്ങുന്ന ഒരു കഷിയുണ്ടല്ലൊ അവിടെ.ദൈവം. പിന്നെ ജീവിതത്തിന്റെ ഈ അനിശ്ച്ചിതത്വം നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും നാളെ എന്തു സംഭവിക്കുമെന്ന ആശങ്ക. ജീവിതത്തിന്റെ നിമിഷങ്ങളെ കാലത്തിലർപ്പിച്ച്‌ അനന്തമായ അനിവാര്യതയുടെ യുക്തിരാഹിത്യമാണ്‌ നമ്മളൊക്കെയെന്നു വിശ്വസിച്ചാൽ പിന്നെ എല്ലാം സ്വസ്ഥം,ശാന്തം....!പക്ഷെ എങ്ങിനെ കഴിയും? നമ്മുടെ കൈകാലുകളെ  വലിഞ്ഞുമുറുക്കുന്ന ഭൌതികബന്ധങ്ങൾ.അതിൽ നിന്ന്‌ നമുക്ക്‌ മോചനമില്ല. എനിക്കു വരുന്ന വാർത്ത ഇതായിരിക്കും. കുടുംബകലഹം മൂലം ജീവനൊടുക്കി. അല്ലാതെ നമ്മുടെ പ്രയാസങ്ങൾക്കുള്ള പരിഹാരം ആരും പറഞ്ഞുതരുന്നില്ലല്ലൊ.!

കഥാ--ഞാൻ കഥയെഴുതി അലഞ്ഞുനടന്നു.പകുതി ആത്മീയം.പകുതി ഭൌതികം.ആത്മീയമെന്നു പറഞ്ഞാൽ ആത്മസംതൃപ്തി.ഭൌതികമെന്നു പറഞ്ഞാൽ വിശപ്പിന്റെ വിളി.മുട്ടാത്ത വാതിലുകളില്ല.വാരികകൾ,മാസികകൾപ്രസിദ്ധീകരണശാലകൾ,ഒരിടത്തും വാതിൽ തുറന്നില്ല.അഭിപ്രായവും ആശയവുമുള്ളതിനാൽ വേട്ടയാടപ്പെട്ടു.എഴുത്ത്‌ ഒരു ശാപമായപ്പോഴും മറ്റൊന്നും ചെയ്യാൻ തോന്നിയില്ല.എഴുതിക്കൊണ്ടിരുന്നു.ഉറപ്പില്ലാത്ത അടിത്തറയിൽ പണിതീർക്കുന്ന ഗോപുരം പോലെ.നിശ്ശബ്ദമായ എന്റെ കരച്ചിലിന്ന്‌ അവർ പേരിടും ഡിപ്രഷൻ മൂലം ആത്മഹത്യ ചെയ്തു.

നായകൻ-എന്റെ ശാപം ഈ ആകാരമാണ്‌.വിറ്റു കാശാക്കാമെന്നു വെച്ചാൽ ആർക്കും വേണ്ട.സിനിമയിലഭിനയിക്കാമെന്ന മോഹം മൂലം ചെന്നൈയിലെ തെരുവീഥികളിലൂടെ തെണ്ടി നടന്നു.പൈപ്പുവെള്ളം കുടിച്ച്‌ വിശപ്പടക്കി.ചെയ്യാത്ത ജോലികളില്ല.എന്നിട്ടും സിനിമയിലെന്നല്ല സീരിയലുകളിൽ പോലും എത്താനായില്ല.ആദ്യനാടകമാണെങ്കിൽ ഇങ്ങിനേയുമായി.എനിക്കുള്ള വിശേഷണം പ്രണയനൈരാശ്യമായിരിക്കും.ഒരു പ്രണയിനിയും കരയാനില്ലെന്ന സത്യം എനിക്കല്ലേ അറിയു.

മു-അപ്പോൾ ഇതൊക്കെയാണ്‌ സത്യം.നമ്മളെല്ലാം ജീവിച്ചിരിക്കുന്നു.ജീവിതത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങൾക്കായി കാത്തിരിക്കാം.

(ഈ സമയത്ത്‌ നായിക രംഗത്തേക്കു കടന്നുവരുന്നു)

(പെട്ടെന്ന്‌ നാലുപേരും ഒറ്റ ശ്വാസത്തിൽ--നീ-)

നായിക-സാറന്മാരെ ക്ഷമിക്കണം.നിങ്ങളോട്‌ മാപ്പു പറയാൻ വന്നതാണ്‌ ഞാൻ.നിങ്ങളൊക്കെ പാവങ്ങൾ.കാലത്തിന്റെ മാറ്റങ്ങളറിയാത്തവർ.നാടകാന്ത്യത്തിൽ ഒരു നിമിഷം ഞാൻ എന്നെ മറന്നു.അഞ്ചുകൊല്ലം മുമ്പ്‌ എന്നെ പ്രലോഭിപ്പിച്ച്‌ വഞ്ചിച്ചു കടന്നവനെയാണ്‌ ഞാൻ നായകനിൽ കണ്ടത്‌.പെട്ടെന്ന്‌ എന്റെ സമനില തെറ്റി.സാറെ ക്ഷമിക്കണം.(നായകന്റെ നേരെ കൈകൾ കൂപ്പുന്നു)

സം-നമുക്ക്‌ ഒരു നാടകം കൂടി പരീക്ഷിച്ചു നോക്കാം.നിനക്കതിൽ നന്മ നിറഞ്ഞ ഒരു ഭാഗമഭിനയിക്കാം.

നായിക-വേണ്ട.ഞാൻ പോകുന്നു.എനിക്കും എന്റെ കുഞ്ഞിനും ജീവിക്കണം.ജീവിതനാടകം ഏറെ ഞാൻ അഭിനയിച്ചു തീർത്തു.വീട്ടുകാർക്ക് വേണ്ട,നാട്ടുകാർക്ക് വേണ്ട,അവസാനം അഭയം തന്ന നിങ്ങളേപ്പോലും ഞാൻ പ്രയാസത്തിലാക്കി.

മു-നീ എങ്ങോട്ടു പോകുന്നു?

നായിക- എനിക്കറിഞ്ഞുകൂടാ

                                                                       (രംഗം ഇരുളുന്നു)

നാടകാന്തം ജീവിതം-3

posted Oct 3, 2012, 1:33 AM by saarthakam blr   [ updated Nov 19, 2012, 11:19 PM ]



വി.എൻ.പ്രതാപൻ

ആദ്യരംഗത്തിന്റെ പരിസരം.കർട്ടൻ ഉയരുമ്പോൾ .....നിന്ന മുന്നിലെ ഡസ്ക്ക് ഒഴിഞ്ഞുകിടന്നിരുന്ന ആൾ ഇപ്പോൾ ഡസ്ക്കിൽ ഇല്ല.
സ്റ്റേജിന്‌ ഇട തുവശത്ത്‌ നിന്ന്‌ എ സാവധാനത്തിൽ നടന്നുവരുന്നു. സ്റ്റേജിന്റെ നടുവിൽ നിന്ന്‌ നാലുപാടും നോക്കുന്നു. ഇടതുവശത്തും വലതുവശത്തും നടന്നുചെന്ന്‌ പരിശോധിക്കുന്നു.
എ-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ പരിശോധിക്കുന്നു.
ഈ സമയത്ത്‌ ബി സാവധാനത്തിൽ ഇടതുവശത്തുനിന്നു തന്നെ നടന്നുവരുന്നു. എ ചെയ്തതുപോലെ സ്റ്റേജാകെ പരിശോധിക്കുന്നു.
എ യെ ശ്രദ്ധിക്കുന്നില്ല. എ യെ കാണാത്തതുപോലെ.
ബി-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
ഇപ്പോൾ എയും ബിയും മുഖാമുഖം നോക്കുന്നു.
എ-ആരെങ്കിലും എടുത്ത്‌ നീക്കിക്കാണും.
ബി-അതെ, ആരെങ്കിലും എടുത്ത്‌ മാറ്റിക്കാണും.
എ-പ്രാരാബ്ധങ്ങൾ,കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ,അപവാദങ്ങൾ, ശത്രുതകൾ,സാമ്പത്തികവിഷമതകൾ,പരിഹാസങ്ങൾ,ആരായിരുന്നു അയാൾ/
ബി- തീർത്താൽ തീരാത്ത കടബാദ്ധ്യതകൾ,പലിശ, പണയം, ഭീഷണി, കോടതി, ജപ്തി, ആരായിരുന്നു അയാൾ?
അല്പ്പനേരത്തെ നിശ്ശബ്ദത.
എ-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
ബി-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
അല്പ്പനേരത്തെ പൂർണ്ണ നിശ്ശബ്ദത.
എ-അത്‌ ഞാനായിരുന്നോ?
(ബി ചെയ്തതുപോലെ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നു.)
എ-അത്‌ ഞാനായാലും നീ അയാലും മറ്റൊരാളായാലും നമുക്ക്‌ ഒന്നന്വേഷിക്കാം.
ബി- ശ്രൈയാണ്‌.നമുക്ക്‌ ഒന്നന്വേഷിക്കാം.
എ- എനിക്കല്പ്പം ധൃതിയുണ്ട്‌. ജോലിസ്ഥലത്ത്‌ സമയത്തിനെത്തിയില്ലെങ്കിൽ ദിവസക്കൂലി പൂജ്യം. തല്ക്കാലം താങ്കൾ ഒന്നന്വേഷിക്ക്‌.
ബി-അയ്യോ എനിക്കും കുറെ തിരക്കൂണ്ട്‌. ഞാനൊരു കല്യാണത്തിന്‌ പോകയാണ്‌. അടുത്ത ബന്ധുവിന്റെ. ഇപ്പോൽ തന്നെ സമയം വൈകിപ്പോയിരിക്കുന്നു. ആരെങ്കിലും ഈ വഴി വരുമ്പോൾ അന്വേഷിച്ചേക്കാം.

എ മുന്നിലും ബി പുറകിലുമായി സ്റ്റേജിന്റെ വലതുവശത്തുകൂടി പുറകോട്ടു പോകുന്നു. അല്പ്പനിമിഷങ്ങൾക്കു ശേഷം സി കടന്നുവരുന്നു. എയും ബിയും വന്നതുപോലെ സ്റ്റേജാകെ പരതുന്നു.
സി- ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ പരിശോധിക്കുന്നു.
ഈ സമയത്ത്‌ ഡി സാവധാനത്തിൽ നടന്നുവന്ന്‌ സിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ സ്റ്റേജാകെ പരിശോധിക്കുന്നു.
ഡി-ഇവിടെ ഒരാൾ കിടന്നിരുന്നുവല്ലൊ. എവിടെപ്പോയി?
ഇപ്പോൽ സിയും ഡിയും മുഖാമുഖം നോക്കുന്നു.
സി- ആരെങ്കിലും എടുത്ത്‌ നീക്കിക്കാണും.
ഡി-അതെ,ആരെങ്കിലും എടുത്ത്‌ മാറ്റിക്കാണും.

സി-ഇയാളുടെ പോക്കറ്റിൽ പണമുണ്ടായിരിക്കാം. അല്ലെങ്കിൽ അറിയപ്പെടാത്ത കാരണത്താൽ ആർക്കെങ്കിലും വേണ്ടി ഏതെങ്കിലും വാടകഗുണ്ട.ആരായിരുന്നു അയാൾ?
ഡി- പെറ്റുപെരുകുന്ന വാഹനങ്ങളിലൊന്നിൽ വീതി കുറഞ്ഞ തെരുവിൽ ഒരു പക്ഷേ അതായിരിക്കാം, ആരായിരുന്നു അയാൾ?
(അല്പ്പനേരത്തെ നിശ്ശബ്ദത)
സി- (സാവധാനത്തിൽ ശബ്ദം കുറച്ച്‌)അത്‌ നീയായിരുന്നോ?
ഡി-(സാവധാനത്തിൽ)അത്‌ നീ ആയിരുന്നോ?
അല്പ്പനേരത്തെ (നിശ്ശബ്ദത)
സി- അത്‌ ഞാനായിരുന്നോ?
സംശയത്തോടെ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നു)
ഡി-അത്‌ ഞാനായിരുന്നോ?
(സി ചെയ്തതു പോലെ സ്വന്തം ശരീത്തിൽ പരതുന്നു)
സി-അത്‌ ഞാനായാലും നീ ആയാലും മറ്റൊരാൾ ആയാലും നമുക്ക് ഒന്നന്വെഷിക്കാം!

ഡി- ശരിയാണ്‌.നമുക്ക് ഒന്നന്വേഷിക്കാം.
സി-എനിക്കല്പ്പം തിരക്കുണ്ട്‌.കമ്പനിയുടെ മീറ്റിംഗിൽ പങ്കെടുക്കണം.സമയത്തിന്ന്‌ ചെന്നില്ലെങ്കിൽ സിറ്റിഗ് ഫീസ് കിട്ടില്ല.
തല്ക്കാലം താങ്കൾ ഒന്നന്വേഷിക്ക്.
ഡി-അയ്യോ,എനിക്കും കുറേ തിരക്കുണ്ട്.വിദേശാത്തു നിന്നൊരു ബന്ധു വരുന്നുണ്ട്.സമയത്തിന്ന്‌ തന്നെ എയർപോർട്ടിൽ എത്തണം.സാരമില്ല.ആരെങ്കിലും ഇതുവഴി വരുമ്പോൾ അന്വേഷിച്ചേക്കാം.
സി- മുന്നിലും ഡി പുറകിലുമായി സ്റ്റേജിന്റെ വലതുവശത്തുകൂടി പുറകിലേക്ക് പോകുന്നു.

(സ്റ്റേജിൽ വെളിച്ചം മങ്ങുന്നു.സാവധാനത്തിൽ വെളിച്ചം തെളിഞ്ഞുവരുമ്പോൾ മൈക്കിന്നു മുന്നിൽ ഒരാൾ ഒരു കസേരയിൽ തളർന്നിരിക്കുന്നു.പുറകിലെ ഡസ്ക്ക് പഴയതുപോലെ ആളൊഴിഞ്ഞു കിടക്കുന്നു.
സാവധാനത്തിൽ തളർന്ന ശബ്ദത്തിൽ അയാൾ സംസാരിക്കാൻ തുടങ്ങുന്നു.

ഞാനീ നാടകത്തിലെ പ്രധാനനടൻ,അതായത്‌ നായകൻ(പുറകിലേക്ക് ചൂണ്ടി)
ആ ഡസ്ക്കിൽ കിടന്നിരുന്നില്ലേ?അയാൾ തന്നെ.നാടകാന്തം നശിപ്പിച്ച നായിക നാടകത്തിൽ നിന്ന്‌ പുറത്തുകടന്ന്‌ ജീവിതം പകരം വെക്കുകയായിരുന്നു. ആരോടാണ്‌ അവൾക്ക് വിദ്വേഷം എന്നു മനസ്സിലായില്ല.ഞാൻ നിരപരാധിയാണ്‌.പകരം വെക്കപ്പെട്ടവൻ. തല്ക്കാലത്തെ ഒരു ഞെട്ടൽ,വീഴ്ച്ചയിൽ മോഹാലസ്യപ്പെട്ടുപോയി. .മരിച്ചു എന്ന്‌ കരുതിയവരൊക്കെ മറഞ്ഞുപോയിരിക്കുന്നു.ആരുടെ ഒക്കെയോ കാൽപ്പെരുമാറ്റം കേട്ടിരുന്നു. ഹൃദയമിടിപ്പുപോലെ ഇവിടെ ഇപ്പോൾ ഞാൻ മാത്രം. ഹാളിന്നു പുറത്ത്‌ തെരുവിലൂടെ ഇരമ്പിയോടുന്ന ജനം. പുറകിൽ മേക്കപ് അഴിക്കുന്ന നടീനടന്മാർ മുന്നിൽ നിരന്നുകിടക്കുന്ന ഈ ഒഴിഞ്ഞ കസേരകളോട്‌ ഞാനെന്തു പറയണം!എനിക്ക്‌ വിശക്കുന്നു എന്നു പറഞ്ഞാൽ അത്‌ കേൾക്കാൻ ഒരാൾ പോലുമില്ല. ഒഴിഞ്ഞ കസേരകലിലെ വാടകക്കാർ ഓഡിറ്റോറിയത്തിനു പുറത്ത്‌ അരങ്ങേറുന്ന ആയിരം നാടകങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഞാൻ കാത്തിരിക്കുകയാണ്‌. നാടക ഉടമയും നാടകകൃത്തും സംവിധായകനും ഉടനെ വന്നേകാം.

അവർ സമ്മാനമായി എന്തോ കൊണ്ടുവരാൻ പോയിരിക്കയാണെന്ന് ആരൊക്കെയോ അടക്കിപറയുന്നതു കേട്ടു. സമ്മാനവുമായി അവർ എത്തുമ്പോൾ എനിക്കുകൂടി അതിൽ ഒരു പങ്കു് ,ഞാനൊന്നു വിളിച്ചുനോക്കട്ടെ.(പോക്കറ്റിൽ നിന്ന്‌ മൊബൈൽ എടുത്ത്‌ ഡയൽ ചെയ്ത്‌ ചെവിയിൽ വെക്കുന്നു)
-ഹലോ--ഹലോ--ഹലോ---

നാടകാന്തം ജീവിതം-2

posted Sep 7, 2012, 12:52 AM by saarthakam blr


    വി.എന്‍ പ്രതാപന്‍                                                        രംഗം-2


കർട്ടൻ ഉയർന്ന്‌ വെളിച്ചം മങ്ങിത്തെളിഞ്ഞു വരുമ്പോൾ പുറകിൽ നിന്ന്‌ അനൗൺസ്മെന്റ്‌--

ഈ നാടകത്തിന്റെ സംവിധായകൻ അവിടെ എവിടെയെങ്ങാനുമുണ്ടെങ്കിൽ സ്റ്റേജിന്റെ പുറകിലേക്ക് വരാൻ താല്പ്പര്യപ്പെടുന്നു. കഥാകൃത്ത്‌ താങ്കളേയും കാത്ത്‌ ഇവിടെ ഇരിപ്പാണ്‌. വെളിച്ചം തെളിയുമ്പോൾ രംഗത്ത്‌ മൂന്നു കസേരകൾ--ഒന്നിൽ ഒരാൾ ഇരിക്കുന്നു. അടുത്ത കസേരകൾ രണ്ടും ഒഴിഞ്ഞുകിടക്കുന്നു. പുറകിലെ ഡസ്ക്ക് എടുത്തുമാറ്റിയിരിക്കുന്നു. മറ്റൊരു രംഗം അതായത്‌ സ്റ്റേജിന്റെ പുറകുവശം ആകാം ഈ രംഗം.
കസേരയിൽ ഇരിക്കുന്ന ആളുടെ ശബ്ദം-

-ഞാൻ കഥാകൃത്ത്‌ -അതായത്‌ ഈ നാടകത്തിന്റെ രചയിതാവ്‌-രണ്ട്‌ കാര്യങ്ങൾ എനിക്ക്‌ സംവിധായകനിൽ നിന്നറിയേണ്ടതുണ്ട്‌. ഒന്ന്‌-എനിക്ക്‌ ഈ സൃഷ്ടി എഴുതിയതിന്റെ കാശ് തരണം. വളരെ വളരെ നൊന്തു പ്രസവിച്ചതാണ്‌ ഞാനിത്‌. ഇതിന്‌ കാശ് തന്നില്ലെങ്കിൽ ഞാൻ പട്ടിണിയിലാകും. ഇപ്പോള്‍  തന്നെ വിശന്നിട്ട് ഇരിക്കാൻ മേല. ഭൗതികമായ ഈ ആവശ്യം നിർവ്വഹിച്ചാൽ തന്നെ ആത്മീയമായ ദാഹം ബാക്കി കിടക്കുന്നു. എന്തിന്‌ ഇവനെന്റെ കഥയുടെ ആദിമദ്ധ്യാന്തങ്ങൾ വളച്ചു തിരിച്ച്‌ നാടകത്തെ നശിപ്പിച്ചെടുത്തു. ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും സ്റ്റേജിലേക്ക് പുറകിൽ നിന്ന്‌ സംവിധായകൻ പതുങ്ങിപ്പരുങ്ങി കടന്നുവരുന്നു.

കഥാകൃത്ത്‌--ഹാ-നീയോ? എത്ര നേരമായി നിന്നെ ഞാൻ തിരക്കിനടക്കുന്നു. നിമിഷങ്ങൾ...മാത്രകൾ....മണിക്കൂറുകൾ....അവസാനം നീ എത്തിയിരിക്കുന്നു. ഇരിക്ക്‌.
സംവിധായകൻ--ഇരിക്കാനല്ല ഞാൻ വന്നത്‌.
കഥാകൃത്ത്‌-എന്നാൽ നില്‍ക്ക്‌
സംവി--നില്ക്കാനല്ല ഞാൻ വന്നത്‌
കഥാ-എന്നാൽ പിന്നെ ഇരിക്ക്‌
സം-ഇരിക്കാനല്ല ഞാൻ വന്നത്‌
പെട്ടെന്ന്‌ കസേര വലിച്ചുനീക്കി ഇരിക്കുന്നു.
കഥാ- എന്താ ഇത്ര തിരക്ക്‌?മറ്റു വല്ല കോളും തടഞ്ഞോ?അതും നശിപ്പിക്കണോ? തല്ക്കാലം എന്റെ കാശെടുക്ക്‌.
സംവി-ഏത്‌ കാശ്`?
കഥാ-സൃഷ്ടിയുടെ കാശ്`
സംവി- നാടക ഉടമ വരട്ടെ
കഥാ- എവിടെ പോയിരിക്കുന്നു?
സംവി-പുറത്തു പോയിരിക്കുന്നു.
കുറച്ചു കഴിഞ്ഞാൽ തിരിച്ചെത്തും.
കഥാ-ശരി, ഞാൻ കാത്തിരിക്കാം. അതു പോകട്ടെ നാടകാന്ത്യത്തിൽ നീ എന്താ കാണിച്ചത്‌? നായകൻ നായികയെ അകത്തേക്ക് വലിച്ചുകൊണ്ടു പോകുന്നു. നായിക നായകനെ ചെകിടത്തടിച്ച്‌ തള്ളി വീഴ്ത്തുന്നു. ഇതാണൊ ഞാൻ എഴുതിവെച്ചത്‌?ഇത്‌ നിനക്ക് എവിടെ നിന്നു കിട്ടി? ആരു പറഞ്ഞു ഇങ്ങിനെ മാറ്റിമറിക്കാൻ?
സംവി-ഇപ്പോഴത്തെ ട്രെന്റ് അതാണ്‌. നായകൻ വില്ലനും വില്ലൻ നായകനുമൊക്കെയാകുന്ന രൂപാന്തരങ്ങൾ.
കഥാ-പുതിയ പരീക്ഷണം  എന്റെ നെഞ്ചത്തു കേറി വേണമായിരുന്നൊ?
സംവി- നായകൻ വില്ലനും വില്ലൻ നായകനും ആരൊക്കെയാണെന്നു തിരിച്ചറിയാൻ പറ്റാത്ത ഒരു കാലം. നാടകത്തിലും ജീവിതത്തിലും അതിരുകളില്ലാത്ത ഈ ഒരു അവസ്ഥയെ അതല്ലെങ്കിൽ സ്വാതന്ത്ര്യത്തെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം.അവസാനം നായിക എല്ലാം നശിപ്പിച്ചു. നാടകത്തിൽ നിന്ന്‌ പുറത്തുകടന്ന്‌ നായകനെ ആക്രമിച്ചു. നായകൻ മരം വെട്ടിയിട്ടപോലെ  നിലത്ത്‌.എന്തൊരു ആന്റിക്ളൈമാക്സ്. എന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

കഥാ- ഇത്‌ കായികമേളയോ കലോൽസവമോ അല്ല. ജീവിതമാണ്‌ ഇവിടെ പന്തയം വെക്കുന്നത്‌. മൽസരിച്ചു ജയിക്കുന്നതിനു പകരം മൽസരിച്ച്‌ മരിക്കുന്ന ഒരു കാലവും ലോകവും. മൽസരം സൃഷ്ടിക്കുന്ന ശത്രുതയിൽ ഏകാന്തത വേട്ടയാടുന്ന മനുഷ്യന്റെ അടിസ്ഥാനവികാരം സ്നേഹശൂന്യതയായി മാറിമറയുന്ന കാലികദുരന്തമാണ്‌ ഞാനിതിൽ എഴുതിവെക്കാൻ ശ്രമിച്ചത്‌. ഈ മനോഭാവം മൗലികതയായി ഏറ്റു വാങ്ങുന്ന സാമൂഹ്യസാഹചര്യത്തിൽ വളരെ വളരെ പോസിറ്റീവായി കാണികളിൽ സൃഷ്ടിക്കുന്ന ഒരു നവാനുഭൂതിയോ അതല്ലെങ്കിൽ തിരിച്ചറിവോ ആയിരുന്നു എന്റെ ലക്ഷ്യം. നീ അതാകെ മാറ്റിമറിച്ചു. പോട്ടെ.ഇനിയും സൃഷ്ടികൾ -സംവിധാനങ്ങൾ -അവതരണങ്ങൾ-തല്ക്കാലം എന്റെ കാശെടുക്ക്‌.
സംവി-നാടക ഉടമ വരട്ടെ
കഥാ-എത്ര നേരമായി കാത്തിരിക്കുന്നു
സംവി-കിട്ടിക്കാണില്ല
കഥാ-എന്ത്‌?
സംവി-നാലു മുഴം കയർ-രണ്ടു മുഴം കൂടി കൂടുതൽ വാങ്ങാൻ പറയട്ടെ.(മിബൈൽ ഡയൽ ചെയ്ത് ചെവിയിൽ വെക്കുന്നു.)

                                                                    -----കർട്ടൻ----


നാടകാന്തം ജീവിതം -_1

posted Aug 2, 2012, 11:22 PM by saarthakam blr   [ updated Aug 14, 2012, 7:16 PM ]


വി.എൻ.പ്രതാപൻ 


                                                                                                          രംഗം-1
    

കർട്ടൻ ഉയരുമ്പോൾ രംഗത്ത്‌ ആകെ കനത്ത ഇരുട്ട്‌. സാവധാനത്തിൽ വെളിച്ചം തെളിഞ്ഞ്‌ തെളിഞ്ഞ്‌ വരുന്നു---- വെളിച്ചം തെളിയുമ്പോൾ രംഗത്ത്‌ പിന്‍കര്‍ട്ടന്നു മുന്നിലായി ഒരു ഡസ്ക്ക്‌. ഡസ്ക്കിൽ നീണ്ടുനിവർന്ന്‌ മലർന്നുകിടക്കുന്ന ഒരു മനുഷ്യൻ-- അതിനു മുന്നിലായി മൈക്കിനു മുന്നിൽ നിശ്ച്ചലനായി, നിശ്ശബ്ദനായി നിൽക്കുന്നഒരാൾ.----- ഒരു മിനുട്ട്‌ നിശ്ശബ്ദതക്കുശേഷം മൈക്കിനു മുന്നിലെ ആൾ ശബ്ദിക്കാനും ചലിക്കാനും തുടങ്ങുന്നു. ---


സംവിധായകൻ :

 ഞാൻ സംവിധായകൻ ---നാടകം ഇവിടെ പൂർണ്ണമായിരിക്കുന്നു. കാണികളായ നിങ്ങൾക്കിനി പിരിഞ്ഞുപോകാം. ദുരന്തനാടകം, ശുഭാന്തനാടകം എന്ന വേർതിരിവുകളൊക്കെ അലിഞ്ഞുപോയ ഒരു കാലഘട്ട ത്തിൽ ഈ നാടകത്തിന്റെ അന്ത്യം ഇതാ ഇങ്ങിനെ (പുരകിലേക്ക്  വിരൽ ചൂണ്ടുന്നു) നാടകം തീർന്നു. നടികളും നടന്മാരുമെല്ലാം വേഷമഴിക്കുകയാണ്‌. എന്നാൽ നായകൻ മാത്രം എണീക്കു ന്നില്ല. ഉറങ്ങുകയാണെന്നു തോന്നുന്നു. ഞാനൊന്നു വിളിച്ചുനോക്കട്ടെ--- (ഒരു നിമിഷം ആലോചന യോടെ) നാടകത്തിലെ പേര്‌ വിളിക്കണൊ, ജീവിതത്തിലെ പേര്‌ വിളിക്കണൊ ---- (പെട്ടെന്ന്‌) അല്ലെങ്കിൽ വേണ്ട. അവർ ഉറങ്ങിക്കൊള്ളട്ടെ. ഉണർന്നെണീട്ടാൽ പ്രതിഫലം ചോദിക്കും. എന്റെ പോക്കറ്റാണെങ്കിൽ കാലി. ഒറ്റ പൈസയില്ല. ഉള്ളത്‌` കുറച്ച്‌ കടലാസ്സുതുണ്ടുകൾ മാത്രം------ ഞാൻ അടുത്ത കളരിയിലേക്ക്‌ നീങ്ങട്ടെ.വിശക്കുന്നു.


                                                               (രംഗം ഇരുളുകയും തെളിയുകയും ചെയ്യുന്നു)

ഇപ്പോൾ രംഗത്ത്‌ ഡസ്ക്കും, ഡസ്ക്കിൽ കിടക്കുന്ന മനുഷ്യനും മാത്രം-- മുന്നേപോലെ ചലനരഹിതം.അണിയറയിൽ നിന്ന്‌ സ്റ്റേജിന്റെ ഇടതുവശത്തുകൂടെ തിരക്കിട്ട്‌ ഒരാൾ കടന്നുവരുന്നു .--(സൗകര്യത്തിനു

വേണ്ടി അയാളെ "എ" എന്നു വിളിക്കാം. പിന്നീട്‌ വരുന്ന മൂന്നുപേരെ" ബി" എന്നും" സി" എന്നും" ഡി" എന്നും വിളിക്കുന്നു)


എ, ഒരു നിമിഷം ഡസ്ക്കിലെ മനുഷ്യനെ നോക്കിനിൽക്കുന്നു. പിന്നീട്‌ അരികിലേക്ക്‌ നീങ്ങി ഒരു നിമിഷം നാഡി പിടിച്ച്‌ കാതോർക്കുന്നു.എ: (കാണികൾക്കു നേരെ തിരിഞ്ഞ്‌)

എ:

ഇതൊരു സ്വാഭാവികമരണമാണെന്നു തോന്നുന്നു. --ഹാർട്ട്‌ അറ്റാക്ക്‌--ആരാണിയാൾ? എവിടെ നിന്നു വരുന്നു?ഈ മനുഷ്യന്‌ എങ്ങിനെ  ഇതു സംഭവിച്ചു? എന്ന്‌ ഒന്നന്വേഷിച്ചു നോക്കാം.

 ( സ്റ്റേജിന്റെ മറുഭാഗത്തുകൂടി അണിയറയിലേക്ക്‌ പോകുന്നു.ഇപ്പോൾ ബി കടന്നുവരുന്നു. എ യുടെ ചലനങ്ങളുടെ ആവർത്തനം --- നാഡി പരിശോധിക്കുന്നു. കാണികൾക്കു നേരെ തിരിയുന്നു) 


ബി :

ഇതൊരാത്മഹത്യയാണെന്നു തോന്നുന്നു. വലിയ കഷ്ടമായിപ്പോയി. ജീവിതത്തിനോടുള്ള സ്നേഹമില്ലായ്മയുടെ കാരണം ഒന്നറിയേണമല്ലോ.                                                            


(പുറകിലേക്കു പോകുന്നു, ഇപ്പോള്‍ സി കടന്നുവരുന്നു. മുൻപ്‌ വന്നവരെപ്പോലെ  നാഡി പിടിച്ച്‌ നോക്കി കാണികൾക്കു നേരെ--)

സി :

ഇതൊരു കൊലപാതകമാണെന്നു തോന്നുന്നു. ആരാണിത്‌ ചെയ്തത്‌? എന്താണിതിന്റെ പിന്നിലെ നിഗൂഢതകൾ---?സത്യം തെളിഞ്ഞുവരേണ്ടതുണ്ട്‌. 

 ( പുറകിലേക്ക് പോകുന്നു, ഇപ്പോൾ ഡി കടന്നുവരുന്നു. മുൻപ്‌ വന്നവരെപ്പോലെ നാഡി നോക്കി കാണികൾക്കു നേരെ ) : 

ഡി:

ഇതൊരു അപകടമരണമാണെന്നു തോന്നുന്നു. ഏതു തരത്തിലുള്ളത്‌ ആണെന്നും എങ്ങിനെ ഇത്‌ സംഭവിച്ചു എന്നും കണ്ടെത്തേണ്ടതുണ്ട്‌.

                                                                                                                          രംഗം ഇരുളുന്നു. 

( വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ) 

 സംവിധായകൻ:

 ഞാൻ എങ്ങും പോയിരുന്നില്ല. എവിടെ പോകാൻ? എല്ലാം കണ്ടു, കേട്ടു, ഇതൊരു നാടക മാക്കാമെന്നു തോന്നുന്നു. ഒന്നെഴുതിനോക്കട്ടെ. വിജയിച്ചാൽ വിശപ്പടക്കാം. സുഹൃത്തെ താങ്കൾ ഉറങ്ങുകയാണല്ലൊ. ഉറങ്ങിക്കോളു.. .ഞാനിതെഴുതട്ടെ. (പോക്കറ്റിൽ നിന്ന്‌ കടലാസ്സും പേന യുമെടുത്ത്‌ ഒരു നിമിഷത്തെ ആലോചന. ) പക്ഷേ ഇതിന്റെ അന്ത്യം എങ്ങനെയായിരിക്കും!


                              രംഗം ഇരുളുന്നു

 ( വെളിച്ചം തെളിയുമ്പോൾ എ കടന്നുവരുന്നു) 


എ:: 

പ്രാരബ്ധങ്ങൾ--- സാമ്പത്തിക വിഷമതകൾ--- കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ ---ശത്രുത കൾ--അപവാദങ്ങള്‍ ...

---പരിഹാസങ്ങൾ--- എല്ലാം ഇയാൾക്ക് താങ്ങാവുന്നതിലധികമായിരുന്നു. --- പാവം--ഈ മദ്ധ്യവയസ്സിൽത്തന്നെ---ദുർബലഹൃ


ദയൻ--!


( എ പുറകിലേക് പോകുന്നു, ബി കടന്നുവരുന്നു


ബി :

അതെ അതുതന്നെ. തീർത്താൽ തീരാത്ത കടബാദ്ധ്യതകൾ,,, പലിശ, പണയം,  ഭീഷണി, കോടതി---, ജപ്തി ഒരു കുടും ബത്തെ തെരുവിലിറക്കി ഇയാൾ സ്വയം--

 (ബി പോകുന്നു, സി കടന്നുവരുന്നു.)

സി:

ഇയാളുടെ പക്കൽ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം.പൊന്ന്‌, പണം, അതായിരിക്കുമോ കാരണം! അതല്ലെങ്കിൽ അറിയപ്പെടാത്ത കാരണത്താൽ ആർക്കെങ്കിലും വേണ്ടി ഒരു വാടകക്കൊലയാളി..


( സി പോകുന്നു, ഡി കടന്നുവരുന്നു)

ഡി:

പെറ്റുപെരുകുന്ന വാഹനങ്ങളിലൊന്നിൽ വീതി കൂറഞ്ഞ തെരുവിൽ ഒരു പക്ഷേ ആയിരിക്കാം അല്ലെങ്കിൽ തന്നെ പുരോഗതിയുടെ ഓരോ തിരിവിലും അപ്രതീക്ഷിതമായ അപകടങ്ങൾ പതിയിരി ക്കുന്നില്ലേ--! അതേതെങ്കിലുമാകാം--

( ഡി പോകുന്നു, രംഗം ഇരുളുന്നു.) 

(  വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ)  


സംവിധായകൻ: 

എല്ലാം ഞാൻ കേൾക്കുകയായിരുന്നു. കാണുകയായിരുന്നു. എന്നിട്ടും ഇതിന്റെ അന്ത്യം എനിക്ക്` എഴുതാനാവുന്നില്ല. കടന്നുപോയ ഈ നാലുപേരേയും വിളിച്ചിരുത്തി അഭിനയിച്ചു തീർത്ത ഈ നാടകത്തിന്റെ തുടക്കത്തിലേക്ക് ഓരോ രംഗവും പിന്നിട്ട്‌ --അതിന്ന്‍  ഇവൻ ഉണരണം. നാടകത്തിൽ ജീവിക്കുകയും ജീവിതത്തിൽ മരിക്കുകയും ചെയ്യുന്ന ഈ ലോകത്തിലേക്ക് ഞാൻ ഇവനെ വിളിച്ചുണർത്തട്ടെ---


എടാ ഗോപകുമാരാ, ഗോപാ---ഗോപാ- -വീണ്ടും വീണ്ടും വിളിക്കുന്നു. --അനക്കമില്ല. ഓ--ഇത്‌ നാടകത്തിലെ പേരാണ്‌. ജീവിതത്തിലെ പേരൊന്ന്` വിളിച്ചുനോക്കട്ടെ. --- ധർമ്മദാസാ--ധർമ്മദാസാ --- (


അനക്കമില്ല) ഇവന്നെന്തുപറ്റി,

ഉണരുന്നില്ലല്ലൊ, ഞാന്‍  പോകട്ടെ--

( കടന്നുപോയ നാലുപേരെ തിരക്കി)  ഈ നാടകത്തിന്റെ അന്ത്യം എഴുതി തീർക്കാൻ, കാരണം എനിക്ക്‌ വിശക്കുന്നു---


                                                                                                  ---- കർട്ടൻ -----





1-4 of 4